ഉറുമ്പിന്റെ വഴികളെ നോക്കി ബുദ്ധി പഠിപ്പിൻ...

മനുഷ്യന്‍ ഇന്ന് എല്ലാ നിലകളിലും വളർച്ച കൈവരിച്ചു അങ്ങനെ നിൽക്കുമ്പോഴും തിരുവചനം അവനെ മടിയാ എന്ന് വിളിക്കുന്നു. മാത്രവുമല്ല ഈ ബുദ്ധിമാൻ എന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യനോട് പറയുന്നു ഏറ്റവും നിസാരം എന്ന് നീ കരുതുന്ന ഉറുമ്പിന്‍െറ അടുക്കല്‍ ചെന്ന് അതിന്‍െറ വഴികളെ നോക്കി ബുദ്ധി പഠിക്കുവാന്‍..
തെറ്റ്; അത് ചെയ്തിട്ടുണ്ടെങ്കിൽ ആര് ചൂണ്ടികാണിച്ചാലും  അംഗീകരിക്കണം. അങ്ങനെ ചെയുമ്പോൾ നാം ഒട്ടും തരം താഴുകയോ, അവരുടെ മുമ്പില്‍ ചെറുതാകുകയോ അല്ല; മറിച്ച് നാം അധഃപതനത്തിൽ  നിന്നും ഉയര്‍ച്ചയിലേക്ക് കുതിച്ചുയരുകയാണ്. അതുകൊണ്ട് തന്നെ അറിവ് നമുക്ക് എവിടെ നിന്ന് കിട്ടിയാലും അത് നാം സമ്പാദിക്കണം.
നമ്മുക്കെല്ലാവര്‍ക്കും നമ്മുടെ ചുറ്റുപാടുകളില്‍ ധാരാളമായി കണ്ടുവരാറുളള ഉറുമ്പിനെ കുറിച്ച് നല്ലതു പോലെ അറിയാം. ഒരു ചെറിയ ജീവി, ഒന്ന് ഊതിയാല്‍ പറന്നു പോകുന്ന അല്ലെങ്കില്‍ ഒരു വിരൽ‍ വെച്ച് അമര്‍ത്തിയാല്‍ ചത്തുപോകുന്ന ഒരു ജീവി; എന്നാല്‍ മറ്റുളളവരെ ആശ്രയിക്കാതെ സ്വന്തം കുടുംബത്തെ നന്നായി പോറ്റുവാനും
അതിലുപരി അതിന്‍െറ ജീവന്‍െറ വിലയും അതിന്ന് നന്നായി അറിയാം. മുഴുലോകത്തെക്കാളും വിലയുളള ആത്മാവിനെ ബുദ്ധിന്മാന്‍ എന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യൻ​ നഷ്ടപ്പെടുത്തുമ്പോള്‍ നാം നിസാരമായി കാണുന്ന ഈ ചെറിയ ജീവി ദൈവം കൊടുത്ത ജീവന്‍ അത് സ്വയം നശിപ്പിക്കാറില്ല. എന്റെ അറിവിൽ ഒരു ഉറുമ്പ് പോലും ആത്മഹത്യ ചെയ്തതായിട്ടോ, ഒരുനേരത്തെ ആഹാരം കൈ നീട്ടി ആരെങ്കിലോടും ചോദിക്കുന്നതായിട്ടോ ഞാൻ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. ഇതൊക്കെ നമുക്ക് എവിടെ ശ്രദ്ധിക്കുവാന്‍ സമയം.
നമ്മള്‍ ചന്ദ്രനിലും ചൊവ്വയിലും പോകുവാനും മറ്റുള്ളവന്റെ കുറ്റം കണ്ടുപിടിച്ച് അവനെ തേജോവധം ചെയ്യുവാനും ഉള്ള ശ്രമത്തിൽ ആണല്ലോ..
ഉറുമ്പുകളെ സൂക്ഷ്മതയോടെ വീക്ഷിച്ചാൽ നമ്മുക്ക് മനസിലാകുന്ന ചില കാര്യങ്ങൾ ഉണ്ട്..
അവ കാലത്തെ മുന്‍കൂട്ടി അറിയുന്നു. അതുകൊണ്ട് മഴക്കാലത്ത് ഉറുമ്പുകള്‍ പട്ടിണി കിടക്കേണ്ടി വരുന്നില്ല. സ്വന്തം കുടുംബത്തിന്‍െറ ഭാവിക്കുവേണ്ടി ആവശ്യമായത് ലഭ്യമായ അവസരത്തിൽ കരുതുന്നു. വളരെ പരിശ്രമ ശൈലിയുളള ഈ ഉറുമ്പുകൾ അവയ്ക്ക്  എടുക്കുവാന്‍ കഴിയുന്ന സാധനം അവര്‍ എടുത്തു കൊണ്ട് പോകുകയും ഒപ്പം ഭാരമുളള സാധനങ്ങൾ ഉരുട്ടി ഉരുട്ടി അത് എത്തിക്കേണ്ടിടത്ത് എത്തിക്കുകയും ചെയുന്നു..
വളരെ സ്നേഹമുളളവരായ ഉറുമ്പുകള്‍ വരിവരിയായി യാത്ര ചെയ്യുന്നത് കാണുമ്പോള്‍ ഒരു നിമിഷം അവരെ ശ്രദ്ധിക്കുക. ഇവര്‍ എത്ര തിരക്കുപിടിച്ചു പോകുകയാണെങ്കിലും ഒന്ന് നിന്ന് എതിരെ വരുന്നവനോട് വിവരങ്ങള്‍ തിരക്കി സ്നേഹചുംബനം നല്കിയിട്ടേ പോകാറുളളു.(ഇനി അങ്ങനെ അല്ല എങ്കിലും ഞാൻ അങ്ങനെയാ കരുതുന്നത്..) ഈ ഉറുമ്പുകള്‍ ഇപ്രകാരം ചെയ്യുന്നുവെങ്കില്‍ ദൈവം സ്വന്തം കരങ്ങളാല്‍ നിര്‍മ്മിച്ച നാം "വിശ്വാസം , പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു.ഇവയില്‍ വലിയതോ സ്നേഹം തന്നെ" എന്ന് പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ട് മറ്റൊരു സ്നേഹിതനെ കണ്ടാല്‍ മുഖം കൊടുക്കാതെ വഴിമാറി പോകുന്നു..
ഉറുമ്പുകൾ എല്ലായിപ്പോഴും ബലഹീനനെ സഹായിക്കുന്നു. ഇവ യാത്ര ചെയ്യുമ്പോള്‍ കൂട്ടത്തിലുള്ള ഒരു  ഉറുമ്പിന് വയ്യാതെ ആയാല്‍ 3,4 ഉറുമ്പുകള്‍ ചേര്‍ന്ന് നിലത്ത് വെക്കാതെ പൊക്കി എടുത്തു കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ എല്ലാം തികഞ്ഞ മനുഷ്യനിൽ ഈ  മനോഭാവം ഉണ്ടായിരുന്നു എങ്കിൽ വാഹനപകടങ്ങളില്‍ പരസഹായം കിട്ടാതെ രക്തം വാര്‍ന്ന് മരിച്ചവരുടെ എണ്ണം ഒരുപാട് കുറയുമായിരുന്നു..
ഉറുമ്പുകളില്‍ നല്ല ഒന്നാംതരം എജിനിയര്‍മാര്‍ ഉണ്ട്.
ഈ ഉറുമ്പുകള്‍ പോകുന്ന പാതയില്‍ ഒരു വിടവ് ഉണ്ടെങ്കില്‍ കുറച്ച് ഉറുമ്പുകള്‍ പ്രത്യേകിച്ച് നീറ്/വിസിർ  എന്നറിയപെടുന്ന ഉറുമ്പുകള്‍ പരസ്പരം കൈ കൊടുത്ത് നില്ക്കും എന്നിട്ട് ആ വിടവില്‍ അവര്‍ പാലം തീര്‍ക്കും ബാക്കിയുളളവര്‍ അതിന്‍െറ മുകളിലൂടെ അനായാസം പോകും. ഇങ്ങനെ ഇവര്‍ കടന്നു പോകുവാന്‍ പ്രയാസമുളള സ്ഥലങ്ങള്‍ തരണം ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നു. മനുഷ്യനോ തന്‍െറ സഹോദരനെ പോലും താന്‍ ഉണ്ടാക്കിയ ചതികുഴിയില്‍ തളളിയിടുവാന്‍ ശ്രമിക്കുന്നു..
മരണ ഭയമില്ലാത്ത ജീവിയാണ് ഉറുമ്പ്. ആള് തീരെ ചെറിയവനാണെങ്കിലും എത്ര വലിയവനേയും നേരിടും. എന്നാല്‍ സകലത്തിനേയും അടക്കി വാഴുവാന്‍ അനുമതിയുളള മനുഷ്യന്‍ തനിക്ക് ചുറ്റുമുള്ളതിനെ എല്ലാം ഭയപ്പെടുന്നു..
ക്യൂ പാലിക്കുന്ന ജീവിയായ  ഉറുമ്പ് ഏതു വഴി പോയാലും തോന്നിയതു പോലെ നടക്കാതെ വരിവരിയായി ക്യൂവില്‍ തന്നെയാണ് പോകാറ്. എന്നാല്‍ മനുഷ്യരോട് ക്യൂവില്‍ നില്ക്കണം എന്നു പറഞ്ഞാല്‍ അടി കിട്ടാതെ ഇരുന്നാൽ ഭാഗ്യം. ഉറുമ്പുകൾ പോകുന്ന വഴിയില്‍ നാം മാര്‍ഗ്ഗതടസം സൃഷ്ടിച്ചാൽ യാത്ര ദൂരം കൂടിയാലും വഴി മാറി പോകാനും ഉറുമ്പുകൾ മടിക്കാറില്ല. എന്നാല്‍ വിവേകമുളള മനുഷ്യനാണെങ്കില്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ചില അവസരങ്ങളിൽ   ബുദ്ധിമുട്ട് ഉണ്ടാക്കിയവനെ പഞ്ഞിക്കിടാനും നാം മടിക്കാറില്ല..
ആരെയും വെറുതെ ഉപദ്രവിക്കാറില്ല. അവരുടെ കാര്യങ്ങളില്‍ നാം ഇടപ്പെടുമ്പോഴാണ് അവര്‍ നമ്മെ കടിക്കാറുളളത്. അല്ലാതെ ആരെങ്കിലും ഇതുവരെ പറഞ്ഞു കേട്ടിട്ടുണ്ടോ ഉറുമ്പ് മനുഷ്യന്‍ നടന്നു പോയപ്പോള്‍ ഓടിച്ചിട്ട് കടിച്ചു എന്ന്..??
ഒരു പക്ഷേ ഈ കാരണങ്ങൾ കൊണ്ടാകാം തിരുവചനം മടിയനായ മനുഷ്യനോട് ഉറുമ്പിനെ കണ്ട് ബുദ്ധി പഠിക്കുവാന്‍ ഓര്‍മ്മിപ്പിക്കുന്നത്. എല്ലാം തികഞ്ഞവനാണെന്ന് സ്വയം അഹങ്കരിക്കുന്ന നാം ഒന്ന് പുറകിലോട്ട് തിരിഞ്ഞ് നോക്കുക. നമ്മെ തന്നെ ശോധന ചെയ്യുക. നിസാരമായി കാണുന്ന ഉറുമ്പിന്‍െറ അത്രപോലും ബുദ്ധിയില്ലാത്തതു കൊണ്ടാണ് എന്‍െറ ജീവിതത്തിന്‍െറ പരാജയങ്ങള്‍ക്ക് കാരണം എന്ന് മനസ്സിലാക്കി ജീവിക്കുവാന്‍ കര്‍ത്താവ് സഹായിക്കട്ടെ.

Comments

Post a Comment

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...