തിരുവചനപ്രകാരം ഇത് ആകാമോ ?

മിന്നുന്ന വായ്ത്തല തന്റെ കഴുത്തിന് നേരെ വന്നപ്പോഴും അപ്പോസ്തലനായ പൗലോസിന് ഒരു പ്രത്യാശയുണ്ടായിരുന്നു, നിത്യത എന്ന ആ വലിയ വാഗ്ദത്തം. ആധുനിക യുഗത്തിലെ വിശുദ്ധർ എന്ന് സ്വയം അവരോധിച്ചിരിക്കുന്ന, വീണ്ടും ജനനം പ്രാപിച്ചവർ എന്ന് അഭിമാനിക്കുന്ന നാം ഓരോരുത്തരും  പൂർവ്വപിതാക്കൾ പ്രിയംവെച്ച ആ നിത്യത നമ്മുക്ക് കാലാന്തരത്തിൽ നമ്മുടെ പ്രവർത്തികൾ മൂലം അന്യമായിക്കൊണ്ടിരിക്കുകയാണോ എന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. പറയാൻ ഒരുപക്ഷേ വർഷങ്ങളുടെ പാരമ്പര്യവും പിതാക്കന്മാർ ക്രിസ്തുവിനുവേണ്ടി ത്യജിച്ച വലിയ വലിയ  നന്മകളുടെ ലിസ്റ്റും ഉണ്ടാകും. പക്ഷേ അങ് അക്കരെ നാട്ടിൽ എത്തുവാൻ അതൊന്നും മതിയായി എന്ന് വരില്ല.

ഒരു ദൈവപൈതൽ എന്ന നിലയിൽ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നെല്ലാം നമ്മെ പഠിപ്പിക്കുവാൻ പര്യാപ്തമാണ് തിരുവചനം. ഓരോ ദൈവപൈതലിന്റെയും മാർഗ്ഗദർശിയായി തിരുവെഴുത്തുകൾ നിലകൊള്ളുമ്പോഴും എന്തിനാണ് സംവാദങ്ങളിലൂടെയും സോഷ്യൽ മീഡിയ ചർച്ചകളിലൂടെയും തിരുവചനത്തിന് പുതിയ പുതിയ മാനങ്ങൾ കല്പിച്ചു നൽകുന്നതെന്ന് ഇനിയും മനസ്സിലാകുന്നില്ല. അനാദിയായുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത വചനത്തിനെ മാറ്റിമറിക്കാൻ വേദപണ്ഡിതന്മാർക്കോ സോഷ്യൽ മീഡിയയിലൂടെ ദൈവജനത്തെ ഉദ്ധരിക്കുന്ന വിശുദ്ധ പ്രതിഭാശാലികൾക്കോ ദൈവം അവകാശം നൽകിയിട്ടില്ല. തിരുവചനം ശരി എന്ന് പഠിപ്പിക്കുന്നത് ശരിയും തെറ്റ് എന്ന് പഠിപ്പിക്കുന്നത് തെറ്റുമാണ്..അത് ഏത് സാഹചര്യത്തിലും അങ്ങനെതന്നെയാണ്. ഒരു ദൈവപൈതൽ ആണ് എന്ന് ഉത്തമ ബോധ്യം നമ്മുടെ ഉള്ളിൽ ഉണ്ട് എങ്കിൽ തിരുവചന പ്രകാരം, പ്രണയിക്കുന്നത് തെറ്റാണോ ?? മത്താകാതിരുന്നാൽ  മദ്യപിക്കാമോ ?? സിനിമ കാണാമോ ?? പുകവലിക്കാമോ ?? താടി വെയ്ക്കാമോ ?? ആഭരണം ആകാമോ ?? ബ്യൂട്ടി പാർലറിൽ പോകാമോ ?? സേഫ്റ്റിക്ക് വേണ്ടി വില കൂടിയ വാഹങ്ങൾ ഉപയോഗിക്കാമോ ?? വിവരങ്ങൾ ചോരാതിരിക്കാൻ ഐഫോൺ പോലെ മുന്തിയ സുരക്ഷയുള്ള ഫോണുകൾ ഉപയോഗിക്കാമോ ??  ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാമോ ?? സോഷ്യൽ മീഡിയ ഉപയോഗിക്കാമോ ?? ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ ബൈബിൾ ആകാമോ ??
എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കേണ്ടത് സോഷ്യൽ മീഡിയയിലെ ആത്മീക ലെജെന്റുകളോടല്ല; മറിച്ച് നാം വിശ്വസിക്കുന്ന, നമ്മെ വിളിച്ചു വേർതിരിച്ച, നമ്മുടെ പാപങ്ങൾക്കായി കാൽവരി കുന്നിൽ നമ്മുക്കായി രക്തം ചീന്തിയ ആ നല്ല ഇടയനോടാണ്. തിരുവചനത്തിൽ നിന്നും വ്യക്തമായ ഉത്തരം ലഭിക്കുന്നില്ലെങ്കിൽ ദൈവ സന്നിധിയിൽ മുട്ട് മടക്കുക. മുൻവിധികളും ആഗ്രഹങ്ങളും മാറ്റിവെച്ച് പ്രാർത്ഥിക്കുക വ്യക്തമായ ഉത്തരം ലഭിക്കും എന്നുള്ളത് തീർച്ച. പക്ഷേ പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായ ഉത്തരങ്ങളാകും ലഭിക്കുക എന്നത് വാസ്തവം. അതുകൊണ്ടാണല്ലോ ആത്മീകതയുടെ അത്യുന്നതിയിൽ നിൽക്കുന്ന മീഡിയ ഗുരുക്കന്മാർക്ക് മുൻപിൽ വിഷയങ്ങൾ നമ്മൾ ചർച്ചയ്ക്ക് വെയ്ക്കുന്നത്.. ഘോര ഘോര വാദിച്ചും തർക്കിച്ചും തിരുവെഴുത്തുകളെ വളച്ചൊടിച്ചും അവർ നമ്മുക്ക് എന്തിനും ഏതിനും ലൈസൻസ് വാങ്ങിതരും. ആ ലൈസൻസുമായി ഈ ഭൂമിയിൽ വണ്ടിയോടിച്ചു രസിക്കുവാൻ നമ്മുക്ക് കഴിഞ്ഞേക്കും. പക്ഷേ അവിടം കൊണ്ടും നമ്മുടെ ജീവിതം തീരുന്നില്ല എന്ന യാഥാർഥ്യം വിസ്മരിക്കുവാൻ കഴിയുന്നതല്ല.

എല്ലാം അറിയാം എങ്കിലും ഒന്നും അറിയാത്തവരെ പോലെ പിന്നെയും പിന്നെയും ഉപദേശം തേടുമ്പോൾ ഒന്നോർക്കുക നമ്മുക്ക് മനസ്സിലാകുന്ന ഭാഷയിലുള്ള തിരുവചവും അത് വായിച്ചു ഗ്രഹിക്കാനുള്ള സാമാന്യബുദ്ധിയും വലിയവനായ ദൈവം നൽകിയിട്ടുണ്ട് എന്നുള്ളത്. തന്റെ ഗിരിപ്രഭാഷണ വേളയിൽ കർത്താവായ യേശുക്രിസ്തു പറഞ്ഞത് ഇങ്ങനെയാണ്
“നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം.  ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: 
കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” നാം സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും ഒരുക്കമുള്ളവരായ നമ്മൾ; 'അങ്ങയെക്കാൾ മറ്റൊന്നിനെയും സ്നേഹിക്കില്ല' എന്നു പലയാവർത്തി പറഞ്ഞട്ടുള്ള നാം ഇനിയും എന്തെ ആ ഇടയന്റെ വാക്കുകൾ അനുസരിക്കുന്നില്ല? കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം എന്ന തിരുവചനം ജീവിതത്തിൽ ഒരുദിവസം എങ്കിലും അനുവർത്തിക്കാൻ നമ്മുക്ക് ഇനിയും കഴിഞ്ഞിട്ടുണ്ടോ ?

"എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല." ഒരു വ്യാഖ്യാനവും കൂടാതെ ആർക്കും മനസ്സിലാക്കാൻ കഴിയുന്ന കർത്താവായ യേശുവിന്റെ ലളിതമായ മറ്റൊരു പഠിപ്പിക്കൽ. ആത്മീക കൂട്ടായ്മകളും പലപ്പോഴും കുടുംബ പ്രാർത്ഥനകൾ പോലും ഒഴിവാക്കി ഭാവിയിൽ വലിയവരാകാൻ മക്കളെ വലിയ വലിയ പഠിപ്പിക്കലിന് അയക്കുന്ന ഒരോ മാതാപിതാക്കളും ഒന്നിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു തങ്ങൾക്ക്  പ്രിയപ്പെട്ടത് കർത്താവാണോ മക്കളാണോ എന്നുള്ളത്.. അതുപോലെ തന്നെ ജനിപ്പിച്ചു വളർത്തി വലുതാക്കിയ അപ്പനെയോ അമ്മയെയോ പോലും തന്നെക്കാൾ ഉപരിയായി സ്നേഹിക്കരുത് എന്ന് പഠിപ്പിച്ച ദൈവത്തിന്റെ മുൻപിൽ പോയി പ്രണയം ആകാമോ കർത്താവേ എന്ന് ചോദിക്കുന്നതിൽപരം മണ്ടത്തരം വേറെ ഉണ്ടാകുമോ ?

സുരക്ഷയ്ക്ക് വേണ്ടി മുന്തിയ ഇനം വാഹനങ്ങളും മൊബൈലും ഒക്കെ ഉപയോഗിക്കുന്ന നാം ദൈനംദിന ജീവിതത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത ആഹാരത്തിനും വസ്ത്രത്തിനും കൊടുക്കുന്ന പ്രാധാന്യം വിസ്മരിക്കരുത്. (എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?)  മാനുഷിക കാഴ്ചപ്പാടിൽ അത്യവശ്യങ്ങൾക്ക് പോലും വേണ്ടത്ര പരിഗണന കിട്ടാത്തപ്പോൾ ആഡംബരങ്ങൾക്ക് എന്ത് പ്രസക്തി?

യേശുവിന്റെ ഗിരിപ്രഭാഷണങ്ങളിൽ തന്റെ ചുറ്റും കൂടിയിരിക്കുന്നവർക്ക് നൽകുന്ന മറ്റൊരുപദേശമാണ് "സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും." ഇയൊരു വാക്യത്തിൽ ഒരിക്കലെങ്കിലും തട്ടിവീഴാത്തവർ അപൂർവങ്ങളിൽ അപൂർവ്വം ആയിരിക്കും. അതുപോലെ തന്നെ അപ്പോസ്തോലനായ പൗലോസ് എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ വ്യക്തമായി പറയുന്ന മറ്റൊരു വാക്യമാണ് "ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു." ഒന്നുകൂടി ലളിതമാക്കിയാൽ ഒരു ദൈവ പൈതൽ ആണെങ്കിൽ  ജീവിതത്തിൽ ഒരു തമാശ പോലും പറയരുത്; കേൾക്കരുത്. അപ്പോൾ പിന്നെ സിനിമയും നോവലും ഒക്കെ?
വളരെ ചെറിയ കാര്യങ്ങളിൽ പോലും വസ്തുനിഷ്ഠമായ പഠിപ്പിക്കലുകൾ തിരുവചനം വ്യക്തമായി നൽകുമ്പോൾ ആകാമോ ചെയ്യാമോ എന്നുള്ള ആശങ്കയിൽ നാം ചോദിക്കുന്ന ഓരോ ചോദ്യങ്ങളും അപ്രസക്തമാണ്.

ഒരു ദൈവ പൈതലായി നാം ജീവിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ തിരുവചനപ്രകാരം ലോകമോഹങ്ങൾ എല്ലാം നമ്മുക്ക് അന്യമായിരിക്കണം. ഇനി എത്ര വലിയ ചർച്ചകൾ സംഘടിപ്പിച്ചാലും ന്യായികരണങ്ങൾ നിരത്തിയാലും രതിരുവചനത്തിന് മാറ്റം ഉണ്ടാകില്ല. ചെയ്യാമോ എന്ന ആശങ്കയിൽ ഓരോ ചോദ്യം ചോദിക്കുമ്പോഴും ഒന്നോർക്കുക തെറ്റാണ് എന്നൊരു ചിന്ത ഉള്ളിൽ ഉള്ളതുകൊണ്ടാണ് ആ ചോദ്യത്തിന് പോലും പ്രസക്തി ഉണ്ടാകുന്നത്.

നാം ചെയേണ്ടതും ചെയ്യരുതാത്തതും തീരുമാനിക്കുന്നത് സഭയോ സമൂഹമോ അല്ല: നാം തന്നെയാണ്. ശരി തോന്നുന്നത് എന്തും ചെയ്യുക. അത് ഇനിയും പ്രണയമോ മദ്യപാനമോ സിനിമ കാണാലോ ആഭരണ ധാരണമോ എന്ത് തന്നെ ആയാലും. (അതിന്റെ ഭവിഷ്യത്ത് അത് എന്ത് തന്നെ ആയാലും അത് അനുഭവിക്കേണ്ടതും നമ്മൾ തന്നെയാണ് എന്നതും ഓർമയിൽ ഉണ്ടാകണം എന്ന് മാത്രം.)
ലോകപ്രശസ്തരായ പല അഭിഷക്തന്മാരും ആഭരണങ്ങൾ ധരിക്കുന്നവരാണ്. ആഭരണധാരണം തെറ്റായ കാര്യമായിരുന്നെങ്കിൽ ഒരുപക്ഷേ പരിശുദ്ധാത്മാവ് അവരെ ഊരിമാറ്റുവാൻ പ്രേരിപ്പിക്കുമായിരുന്നു. അലങ്കാരമെന്ന നിലയിൽ കൈയിൽ കെട്ടുന്ന വച്ചും ബെൽറ്റും വാലറ്റും ആഭരണവും ഒക്കെ ഒരേ തൂവൽ പക്ഷികളാണ്. എന്റെ കാഴ്ചപ്പാടിൽ മുന്തിയ ഇനം സ്‌പെക്‌സും വാച്ചും ധരിക്കുന്ന ഒരു വ്യക്തിയോളം പാപിയല്ല അര പവന്റെ മാല അല്ലെങ്കിൽ മോതിരം ധരിക്കുന്നവൻ.
പൗലോസ് അപ്പോസ്തോലനും യോഹന്നാൻ സ്നാപകനും ഒക്കെ  പലതും വേണ്ടെന്നുവച്ച് ദൈവത്തിനായി ജീവിച്ചവരാണ്. എന്നാൽ അവരുടെ ഉപദേശങ്ങളിൽ ഒന്നും അവരെ പിൻപറ്റുന്നവർ അങ്ങനെ ചെയ്യണം എന്നും പഠിപ്പിക്കുന്നതും ഇല്ല. (ഫിലോമോനെപോലെ ഉള്ള ചിലർ ഉദാഹരണം മാത്രം..) എന്നാൽ യേശു തന്റെ ഉപദേശങ്ങൾ  പഠിപ്പിക്കുമ്പോൾ , നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ച ഒരു പ്രമാണിയോട് 'നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക' എന്നു പറഞ്ഞതായി കാണാം..

കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. അങ്ങനെ വരുമ്പോൾ പുത്രനായ ക്രിസ്തുവിന്റെ പല ഉപദേശങ്ങളുടെ/ഇഷ്ടങ്ങളുടെ  നഗ്‌നലംഘനം നടത്തുന്നവരാണ് ഞാനുൾപ്പെടുന്ന ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും. അങ്ങനെയെങ്കിൽ നമ്മിൽ എത്ര പേർ നിത്യതയിൽ കടക്കും ? നിത്യതയിൽ കടന്നാലും ഇല്ലെങ്കിലും  ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം കർത്താവ് ചെയ്യുക തന്നെ ചെയ്യും. ആ നാളിൽ തിരുവചനാടിസ്ഥാനത്തിൽ ന്യായികരണം നിരത്താൻ കഴിയുന്ന എന്തും നമ്മുക്ക് ചെയ്യാം. പിതാവായ ദൈവത്തിനും മനുഷ്യനും ഇടയിൽ ക്രിസ്തു എന്നൊരു ഇടനിലക്കാരൻ ഇല്ലായിരുന്നു എങ്കിൽ പഴയ നിയമത്തിൽ പാപം ചെയ്ത് ദൈവ ക്രോധത്തിന് ഇരയായ പലരെയും പോലെ ഈ തലമുറയും ഒരുപക്ഷേ പണ്ടേയ്ക്ക് പണ്ടേ പാപങ്ങളുടെ ബഹുലത നിമിത്തം ഈ ഭൂമുഖത്ത് മാറ്റപ്പെട്ടെന്നെ. എന്നാൽ ഓരോ തവണയും പിതാവിന് മുൻപിൽ പാപികളായ നമ്മുക്കുവേണ്ടി അപേക്ഷകഴിച്ച് വിടുവിക്കുമ്പോൾ ഒരുനാൾ ആ പുത്രൻ നമ്മെ ന്യായം വിധിക്കും എന്നത് മറക്കരുത്. അന്ന് പിന്തുണ തരാൻ ആരും ഉണ്ടാകില്ല എന്നുമാത്രമല്ല ആയിരം സൂര്യചന്ദ്രന്മാരെക്കാൾ ഏറെ ശോഭയോടെ ജ്വലിക്കുന്ന ആ തേജസിന് മുൻപിൽ നിന്ന് വാദിക്കുവാൻ പോയിട്ട് ലജ്ജകൂടാതെ ആ മുഖത്തേക്ക് പോലും നോക്കുവാൻ കഴിഞ്ഞു എന്ന് വരില്ല.

ചെറിയ വാക്യങ്ങൾ പോലും ഇഴകീറി വ്യാഖ്യാനിക്കുന്ന പല പ്രതിഭാശാലികളായ ദൈവദാസന്മാരും ലളിതമായി ക്രിസ്തു ഉപദേശിച്ച പലതും പഠിപ്പിക്കാത്തതിന്റെ പ്രധാനകാരണം ഈ ഭൂമിയിലെ ഒരു യഥാർത്ഥ ദൈവപൈതലിന്റെ ജീവിതം കഷ്ട്ടപാടുകളുടെയും ദുരിതങ്ങളുടെതും ആണ് എന്ന സത്യം അവർക്ക് അറിയാവുന്നതതുകൊണ്ടും, ഞാനുൾപ്പെടുന്ന വിശ്വസസമൂഹത്തിന് വേണ്ടുന്നത് അനുഗ്രഹത്തിന്റെ സന്ദേശങ്ങൾ ആയതിനാലും ആണ്. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ ക്രിസ്‌തീയ ജീവിതം പട്ടുമെത്തയും പാൽപുഴയും അല്ല. അത് യാതനകളുടെയും ശോധനകളുടെയും ചില തിരിച്ചറിവുകളുടെയും നിത്യതയ്ക്ക് വേണ്ടി ഒരുക്കപ്പെടുന്നതിന്റെയും ഒരു ജീവിതശൈലി മാത്രമാണ്..

Comments

Popular posts from this blog

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...