ഇനിയും അനിവാര്യമായ വീണ്ടും ജനനം...

കാരാഗൃഹത്തിന്റ  ഇരുമ്പഴിക്കുള്ളിൽ വച്ചാണ് അവർ തമ്മിൽ പരിചയപ്പെടുന്നത്.. തികച്ചും അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച്ച ആയിരുന്നു അത്... ഒരുവൻ തന്റെ യജമാനനെ നീതിയോടെ സേവിച്ചതുകൊണ്ടും മറ്റെയാൾ യജമാനനോട് അവിശ്വസ്തത കാണിച്ചതുകൊണ്ടും കാരാഗൃഹത്തിൽ ആയി... കിട്ടിയ അവസരം ഒട്ടും തന്നെ പാഴാക്കാതെ ആ പ്രിയ ദൈവദാസൻ തനിക്കു കിട്ടിയ സമയം തന്റെ സഹ തടവുകാരനോട് യേശുവിനെക്കുറിച്ചും  യേശു മുഖാന്തരം ഭൂമിയിലെ മുഴുവൻ മാനവരാശിക്കും ലഭിച്ച ആ വലിയ രക്ഷയെക്കുറിച്ചും  വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു... ആ സുവിശേഷീകരണത്തിൽ ആകൃഷ്ടനായ പ്രിയ സഹോദരൻ ദൈവ വേലയ്ക്കായി സ്വയം സമർപ്പിച്ചു... കഴിഞ്ഞ കാലങ്ങളിൽ തന്റെ ജീവിതത്തിൽ ഉണ്ടായ തെറ്റായ പല തീരുമാനങ്ങളെ കുറിച്ചും ഓർത്ത് അവൻ പശ്ചാത്തപിച്ചു.. ദൈവസന്നിധിയിൽ തന്റെ പാപക്ഷമക്കായി യാചിച്ചു.. പ്രിയ ദൈവ ദാസനും അദ്ദേഹത്തിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു.. അങ്ങനെ ആ കാരാഗ്രഹത്തിൽ ഒരു പുതിയ മനുഷ്യനെ ദൈവത്തിനുവേണ്ടി  വേർതിരിച്ചെടുക്കുവാൻ ആ ദൈവ ദാസന്  കഴിഞ്ഞു..
അങ്ങനെ നാളുകളിൽ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.. ആ ദൈവ ദാസൻ തന്റെ ജീവിതത്തിൽ ദൈവം ചെയ്ത അത്ഭുതങ്ങളെക്കുറിച്ചും തന്റെ ജീവിത സാക്ഷ്യവും സഹതടവുകാരനോട് സംസാരിച്ചുകൊണ്ടിരുന്നു...ഓരോ ദിവസം കഴിയുമ്പോഴും ആ സഹോദരനെ യേശുവിനോട് കൂടുതൽ അടുപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു...  ദൈവവചനത്തോട് ഉള്ള സഹതടവുകാരന്റെ താല്പര്യവും ദൈവദാസന്റെ ശക്തമായ സാക്ഷ്യവും സർവോപരി ദൈവത്തിന്റെ കാരുണ്യവും മൂലം ഉറച്ച ഒരു ക്രിസ്‌തീയ ഭടൻ കൂടി ആ കാരാഗൃഹത്തിൽ രൂപപ്പെട്ടു എന്നുള്ളതാണ് വാസ്തവം..അല്ലെങ്കിൽ തന്നെ ജീവനുള്ള ദൈവത്തിൻറെ സുവിശേഷം കേട്ടുകൊണ്ടിരുന്നാൽ ഒരു മനുഷ്യൻ എങ്ങനെയാണ് അതിൽ നിന്നും തെറ്റി ഒഴിയുന്നത്??

ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നുവല്ലോ.. 

അങ്ങനെ ആ സുദിനം വന്നെത്തി.. ദൈവദാസന്റെ ഒപ്പമുള്ള ആ സഹതടവുകാരന്റെ മോചനദിനം.. കാരാഗൃഹത്തിൽ നിന്നുള്ള മോചനം ആണ് എങ്കിൽ പോലും ദിർഘനാളുകൾ ഒപ്പം ഉണ്ടായിരുന്ന താൻ ക്രിസ്തുവിനായി വളർത്തിക്കൊണ്ട് വന്ന ആ ദാസന്റെ മോചനം അദ്ദേഹത്തെ ചെറുതായി എങ്കിലും നോവിച്ചു എന്ന് കരുതാൻ ആണ് എനിക്കിഷ്ടം... എങ്കിലും താൻ വിശ്വാസത്തിൽ ഉറപ്പിച്ച ആ സഹോദരനിലൂടെയും ഇനി ദൈവ വചനം ഘോഷിക്കപ്പെടും എന്ന വസ്തുത അദേഹത്തിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊഴിച്ചു...

ദൈവദാസനോടും മറ്റു തടവുകാരോടും കാരാഗൃഹപ്രമാണിയോടും യാത്ര പറഞ്ഞ്  പുറത്തേക്ക് നടക്കുമ്പോൾ ദൈവദാസൻ തന്ന കുറിപ്പ് ഭദ്രമായി തന്റെ പൊക്കണത്തിൽ വയ്ക്കുവാൻ അദ്ദേഹം മറന്നില്ല... ദൈവദാസൻ കാരാഗൃഹത്തിൽ വെച്ച് കൊടുത്ത വാക്ക് എന്നതിലുപരി തന്റെ യജമാനൻ ആയിരുന്നവനോട് താൻ ചെയ്ത തെറ്റ് ഏറ്റു പറയേണം എന്നുള്ള അതിയായ വാഞ്ചയോടെ നടത്തത്തിന്റെ വേഗം വർധിപ്പിച്ചു.. അല്ലെങ്കിൽ തന്നെ ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. എന്നാണാലോ... അല്ലെങ്കിൽ പിന്നെ പണ്ട് യജമാനന് ഇട്ട് മുട്ടൻ പണിയും കൊടുത്ത് അതിനുള്ള ശിക്ഷയും വാങ്ങിയിട്ട് വിണ്ടും അവിടേക്ക് പോകേണ്ട വല്ല കാര്യവും ഉണ്ടോ എന്ന്
നാഴികയ്ക്ക് നാല്പത് തവണ വചനം പ്രഘോഷിക്കുകയും  ഭിത്തിയിലും മുഖപുസ്തകത്തിലും എഴുതി വയ്ക്കുകയും ചെയ്തിട്ടും സ്വന്തം പങ്കാളിയോടും മാതാപിതാക്കളോടും സഹോദരങ്ങളോടും പോലും ചെയ്ത തെറ്റുകൾക്ക് നിരപ്പ് പ്രാപിക്കാതെ ന്യായികരണം നിരത്തുന്നവർക്ക് തോന്നാം.. അവരോട് എനിക്ക് പറയുവാൻ ഉള്ളത് ഇത് നിങ്ങൾ പ്രാപിച്ചത് പോലെ ഉള്ള വിണ്ടും ജനനം അല്ല.. അങ്ങ് നിത്യതയിൽ പോകുവാൻ ആഗ്രഹിക്കുകയും ആത്മാർത്ഥമായ സുവിശേഷികരണത്തിൽ തനിക്ക് ഉള്ളതെല്ലാം ത്യജിച്ച് പങ്കാളി ആകുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക്  വേണ്ടിയുള്ള വചനം അനുശാസിക്കുന്ന വീണ്ടും ജനനം...

യജമാനന്റെ വീട്ടിലെത്തിയപ്പോൾ അകത്തുനിന്നും  ഒരു പ്രാർത്ഥനാ ശബ്ദം കേൾക്കുവാനിടയായി താൻ മുമ്പ് ഇവിടെ നിന്നും  പോകുമ്പോൾ ഇത്തരത്തിൽ ഒരു അനുഭവം ഇവിടെ ഉണ്ടായതായി ഓർക്കുന്നതേയില്ല.. തന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചതുപോലെ തന്റെ യജമാനന്റെ ഭവനത്തിലും  ചില മാറ്റങ്ങൾ സംഭവിച്ചു എന്ന് ആ സഹോദരൻ മനസ്സിലാക്കി.. അകത്ത് നടന്നുകൊണ്ടിരുന്ന പ്രാർത്ഥനയിൽ പങ്കാളിയാകുവാൻ ഉള്ളിന്റെ ഉള്ളു കൊണ്ട് ആഗ്രഹിച്ചുവെങ്കിലും യജമാനന്റെ പ്രതികരണം എന്താകും എന്ന് നിശ്ചയം ഇല്ലാത്തതുകൊണ്ട് അവൻ തന്റെ ആഗ്രഹത്തെ ഉള്ളിലൊതുക്കി.. കുറച്ചു സമയത്തിനുള്ളിൽ തന്നെ പ്രാർത്ഥന കഴിഞ്ഞ്  അതിൽ  സംബന്ധിച്ചവർ ഒക്കെ അവരവരുടെ വീടുകളിലേക്ക് മടങ്ങി.. ഏറ്റവും ഒടുവിലായി പുറത്തേക്കു വന്ന യജമാനന്റെ കണ്ണുകളും ഈ സഹോദരന്റെ കണ്ണുകളും തമ്മിലുടക്കി..തന്നെ കണ്ടപ്പോൾ തന്റെ യജമാനന്റെ മുഖത്ത് പ്രത്യേക ഭാവ  വ്യത്യാസങ്ങളൊന്നും ഉണ്ടാകാതിരുന്നത് ആ  സഹോദരനെ അത്ഭുതപ്പെടുത്തി.. പണ്ട് അദ്ദേഹം ഇങ്ങനെ ഒന്നും ആയിരുന്നില്ല തന്നോട് അനീതി കാണിക്കുന്നവരോട് തികച്ചും കർക്കശമായി തന്നെ പെരുമാറുന്നത് താനും  കണ്ടിട്ടുള്ളതാണ്..എന്നാൽ ഇപ്പോൾ അദ്ദേഹം ഒരുപാട് മാറിയെന്ന് സഹോദരന് തോന്നി.. അദ്ദേഹം വളരെപ്പതുക്കെ തന്റെ യജമാനന്റെ സമീപത്തേക്ക് നടന്നടുത്തു.താൻ ചെയ്ത തെറ്റുകൾക്കും മുഴുവൻ  ആ കാലുകൾ പിടിച്ച് മാപ്പപേക്ഷിച്ചു..ഒരു ജേതാവിനെ പോലെ തികഞ്ഞ മാനസിക സംതൃപ്തിയോട് കൂടി  യജമാനനോട് യാത്ര പറഞ്ഞ് മടങ്ങുവാൻ തുടങ്ങവേ കാരാഗൃഹത്തിൽ വെച്ച് ദൈവദാസൻ തന്നെ ഏൽപ്പിച്ച കുറിപ്പും തന്റെ യജമാനന് ഏൽപ്പിച്ച ശേഷം അദ്ദേഹം നടന്നകന്നു...

കുറിപ്പ് വായിച്ച യജമാനന് തന്റെ ദാസനിൽ ഉണ്ടായ മാറ്റത്തിന് കാരണം നിമിഷങ്ങൾക്കുള്ളിൽ തന്നെ മനസിലായി.. അതെ അവനും തന്നെ പോലെ വീണ്ടും ജനനം പ്രാപിച്ച് ഒരു പുതു മനുഷ്യനായി തീർന്നിരിക്കുകയാണ്...അതിന് കാരണവും തന്നെ ചേറ്റിൽ നിന്നും വലിച്ചെടുത്തു നിത്യതയ്ക്ക് അവകാശി ആക്കിയ അതെ മനുഷ്യൻ തന്നെ..കുറേ നാളുകൾക്ക് മുൻപ് അദ്ദേഹവും ചില കൂട്ടു സഹോദരങ്ങളും സുവിശേഷികരണം നിമിത്തം കാരാഗൃഹത്തിൽ ആയ വിവരം താൻ അറിയുകയും അവരെ നിരന്തരം പ്രാർത്ഥനയിൽ ഓർക്കുകയും ചെയ്തിരുന്നു.. കാരാഗൃഹത്തിൽ കിടക്കുമ്പോൾ പോലും അദ്ദേഹം സുവിശേഷികരണത്തോട് കാട്ടിയ ആ മഹാ തീഷ്ണതയെ മനസാൽ സ്മരിച്ച് കൊണ്ട് ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ട് തന്റെ ഭവനത്തിൽ നിന്നും പുറത്തേക്ക് പോയ സഹോദരന്റെ സമീപത്തേക്ക് അദ്ദേഹം അതിവേഗം ഓടി...

തന്റെ പേർ വിളിച്ചും കൊണ്ട് സ്നേഹനിധിയായ ഒരു സുഹൃത്തിനെ പോലെ തന്നെ ആലിഗനം ചെയ്‍ത യജമാനൻ പിന്നെയും ആ സഹോദരനെ ഞെട്ടിച്ചു... പണ്ട് യജമാനൻ തന്റെ പ്രിയപ്പെട്ട ബന്ധുക്കൾ വന്നാൽ പോലും അവരെ സ്വീകരിക്കാൻ തന്നെയാണ് അയക്കാറു  പതിവ്... എന്നാൽ ഇന്ന് അദേഹത്തിന്റെ വെറും ഒരു ദാസൻ ആയ തന്നെ സ്വീകരിക്കാൻ അദ്ദേഹം ഇങ്ങ് തെരുവിൽ വരെ വന്നെത്തിയിരിക്കുന്നു... അത്ര ശ്രേഷ്ഠമായിരുന്നുവോ താൻ തിരഞ്ഞെടുത്ത ഈ മാർഗം ???
ഇന്നും പല ചർച്ചുകളിലും അയിത്തം കല്പിച്ചിട്ടുള്ള, പുതിയ നിയമ വിശുദ്ധർ എന്ന് സ്വയം അവകാശപ്പെടുന്ന പല   ക്രിസ്‌തീയ ശ്രേഷ്ഠരും ഈ യജമാനനെ പോലെ ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.. ക്രിസ്‌തീയ ജീവിതത്തെ വെറും ആദായ സൂത്രമായി മാത്രം കാണുന്ന ന്യൂജൻ ക്രിസ്തിയാനികൾക്ക് ആദിമ നൂറ്റാണ്ടിലെ വിശുദ്ധർ വെറും ഇതിഹാസ  കഥാപാത്രങ്ങൾ മാത്രമായത് കൊണ്ടാകാം ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.. ഒരു നന്മയും പ്രതീക്ഷിക്കാതെ ക്രിസ്തുവിനു വേണ്ടി ജീവിച്ചു മരിച്ച മുൻ തലമുറകളോട് ഉള്ള ക്രിസ്തുവിന്റെ നീതിയാണ് ഈ തലമുറയിൽ ദൈവജനം അനുഭവിക്കുന്നത്...
ചില അവസരങ്ങളിൽ മത്തായി 11 ന്റെ 23 വായിക്കുമ്പോൾ അത് ഈ തലമുറയിലെ ഞാനുൾപ്പെടുന്ന വേർപ്പെട്ട ദൈവമക്കളോട് ഉള്ള വാക്കുകൾ ആണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... "നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നിലക്കുമായിരുന്നു.
എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു."

തന്റെ ദാസനെയും കൂട്ടി ഭവനത്തിൽ എത്തിയ ആ യജമാനൻ സ്നേഹിതാ എന്ന അഭിസംബോധനയോടുകൂടി അവനുവേണ്ടി ഒരുക്കിയവ ആ സഹോദരന്റെ കണ്ണുകൾ നിറച്ചു... ആത്മാർഥമായി ആ  സഹോദരൻ ഉള്ളുകൊണ്ട് ദൈവത്തിനു നന്ദി ചൊല്ലി... പാപത്തിന്റെ വഴിയിൽ നടന്നിരുന്ന തന്നെ നിത്യതയുടെ മഹാ സന്തോഷത്തിലേക്ക് നടത്തിയ ആ വലിയ മനുഷ്യനെ കുറിച്ച് യജമാനൻ വാ തോരാതെ തന്റെ സ്നേഹിതനോട്  വിശദീകരിക്കുന്നതോടൊപ്പം അദ്ദേഹം തനിക്കായി എഴുതിയ കത്തും വായിക്കുവാൻ  നൽകി...
താൻ തന്റെ യജമാനൻ ആയിരുന്നവന് ഉണ്ടാക്കിയ കടങ്ങൾ പോലും ദൈവദാസൻ  വേണ്ടിവന്നാൽ തീർത്തുകൊള്ളാം എന്നും തന്റെ യജമാനൻ പോലും ആ മനുഷ്യന് കടപ്പെട്ടിരിക്കുന്നു എന്നും വായിച്ചറിഞ്ഞ ആ സഹോദരൻ ദൈവത്തെ അറിഞ്ഞത് കൊണ്ട് ദൈവം അദ്ദേഹത്തിന്  നൽകിയ ധനസമൃദ്ധിയിൽ ആശ്ചര്യം പൂണ്ടു... അത് മനസിലാക്കിയത് കൊണ്ട് തന്നെ യജമാനൻ തുടർന്നു; നീ കരുതുന്നത് പോലെ ഉള്ള ഒരു സമ്പന്നൻ അല്ല അദ്ദേഹം... അദ്ദേഹം തനിക്കുള്ളത് മുഴുവൻ ചപ്പ് എന്നും ചവർ എന്നും കരുതി ഉണ്ടായിരുന്ന സ്ഥാനമാനങ്ങൾ മുഴുവനും ഉപേക്ഷിച്ച് ദൈവ വേലയ്ക്കായി ഇറങ്ങിയതാണ്... സ്വന്തം ചെലവുകൾക്കായി സ്വയം ചെറിയ ചെറിയ  ജോലികൾ ചെയ്താണ് അദ്ദേഹം  പണം കണ്ടെത്തിയിരുന്നത് ചില അവസരങ്ങളിൽ ഞാനും മറ്റു ചിലരും സഹായിച്ചിട്ടുണ്ട് എന്നുള്ളതും വാസ്തവമാണ്... പണം കൊണ്ടല്ല സ്വന്തം ജീവിതം കൊണ്ട് തന്നെ ഞങ്ങൾ ഒക്കെ ആ മനുഷ്യന് കടപ്പെട്ടിരിക്കുകയാണ്...

ബൈബിൾ വായിച്ചിട്ടുള്ള ചിലർക്കെങ്കിലും ഈ കഥയിലെ കഥാപാത്രങ്ങളെ മനസിലായിട്ടുണ്ടാകും... ഇതിലെ ദൈവദാസന്റെ പേര് പൗലോസ് എന്നും യജമാനന്റെ പേര് ഫിലോമോൻ എന്നും ദാസനിൽ നിന്നും വീണ്ടെടുപ്പിലൂടെ പ്രിയ സഹോദരൻ ആയവന്റെ പേര് ഒനേസിമൊസ് എന്നുമാണ്... ആ കുറിപ്പാണ് "പൗലോസ്  ഫിലോമോന് എഴുതിയ ലേഖനം..."

ക്രിസ്‌തീയ ജീവിതം പട്ടുമെത്തയും പാൽ പുഴയും ആണ് എന്ന് ആരെങ്കിലും പഠിപ്പിക്കുന്നു എങ്കിൽ അത് വെറുതെയാണ് നമ്മുക്ക് മുമ്പിൽ ദൃഷ്ടാന്തമായി നിൽക്കുന്ന പൗലോസ് ഉൾപ്പെടെ ഉള്ള പലർക്കും നല്ല ഒരു മരണം പോലും ലഭിച്ചില്ല എന്നുള്ള വസ്തുത നമ്മൾ മറന്നു പോകരുത്.. ഇത് ഒരു യുദ്ധക്കളമാണ് നല്ല പോർ പൊരുതി ഓട്ടം തികച്ചാൽ മാത്രമേ നീതിയുടെ ആ കീരീടം നീതിയുള്ള ആ ന്യാധിപതിയുടെ കൈയിൽ നിന്നും നമ്മുക്ക്  കരസ്ഥമാക്കുവാൻ കഴിയൂ...
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

--ക്രിസ്തുവിൽ പ്രിയ സഹോദരൻ എബി തോമസ്.

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...