ശാപം ആകും എന്ന് കരുതി ചെയ്തത് അനുഗ്രഹമായപ്പോൾ....

കഴിഞ്ഞ കുറേ ദിവസമായി എന്നെ വളരെ അധികം ചിന്തിപ്പിക്കുന്ന ഒരു വ്യക്തിത്വം ആണ് ആഫ്രിക്ക കാരൻ  ആയ കറുത്ത കഥാനായകൻ.ഒരുപക്ഷേ കഥാനായകൻ  കറുത്തത് അല്ലായിരിക്കാം.. എങ്കിലും ആഫ്രിക്കക്കാരൻ ആയതു  കൊണ്ടും സമൂഹത്തിൽ വലിയ മാന്യത ഇല്ലാത്ത ആളായതു കൊണ്ടും കറുത്തവൻ എന്ന് ഞാൻ കരുതുന്നു.. ചുരുണ്ട കറുത്ത കുറ്റി മുടിയും കറുത്തു തടിച്ച ചുണ്ടുകളും ആരോഗ്യ ദൃഢഗാത്രനും സർവ്വോപരി ഒരു നല്ല മനസ്സിന് ഉടമയും ആയ ഒരു വ്യക്തി...

അന്നും പതിവ് പോലെ കൃഷി സ്ഥലത്ത് നിന്നും വീട്ടിലിലേക്ക് തിരിച്ചപ്പോൾ പതിവില്ലാത്ത തിരക്ക് വഴിയിൽ അനുഭവപ്പെട്ടിരുന്നു.. എങ്കിലും വീട്ടിൽ തന്റെ വരവും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന തന്റെ പ്രിയ ഭാര്യയെയും മക്കളെയും കുറിച്ച് ഓർത്തപ്പോൾ തിരക്കിനൊപ്പം നീങ്ങാതെ അല്പം വേഗത്തിൽ തന്നെ കഥാനായകൻ നടന്നു നീങ്ങി.. പോകുന്നവഴിയിൽ കടയിൽ നിന്നും അരിയും സാധനങ്ങളും വാങ്ങി വീട്ടിൽ ചെന്ന് പാചകം ചെയ്തു വേണം തനിക്കും തന്റെ കുടുബത്തിനും കഴിക്കുവാൻ..
പല ആകുലതകളാൽ മുന്നോട്ട് നീങ്ങിയ നമ്മുടെ കഥാനായകനെ പെട്ടെന്ന് ഒരു പടയാളി തടഞ്ഞു നിർത്തി.. അവനെ നിർബന്ധപൂർവ്വം തന്റെ ഒപ്പം കൂട്ടികൊണ്ട് പോയി.. ജനക്കൂട്ടത്തിന്റെ ഇടയിലൂടെ മുൻപിൽ ചെന്നപ്പോൾ അവിടുത്തെ കാഴ്ച ഹൃദയഭേദകം ആയിരുന്നു.. ഒരു മനുഷ്യൻ തന്റെ ശരീരത്തിനേക്കാൾ ഇരട്ടി വലിപ്പവും ഏറെ ഭാരവും ഉള്ള ഒരു കുരിശ് ചുമന്നും കൊണ്ട് വെച്ച് വെച്ച് നടക്കുന്നു.. ആ ശരീരത്തിൽ ധാരാളം മുറിപ്പാടുകളും കാണാൻ ഉണ്ടായിരുന്നു...ചോര പുരണ്ട വളരെ ദയനീയമായ ആ മുഖത്തേക്ക് നോക്കിയ കഥാനായകന് ആ മനുഷ്യനെ പരിചയം തോന്നി.. സൂക്ഷിച്ചുനോക്കിയപ്പോൾ ആളെ മനസിലായി. കുറേ നാളുകൾക്ക് മുൻപ് താൻ ഇദ്ദേഹത്തിന്റെ ഒരു പ്രസംഗം കേട്ടിരുന്നു... നല്ല കഥകളിലൂടെയും അത്ഭുത പ്രവർത്തികളിലൂടെയും ആളുകളുടെ ഇടയിൽ സുവിശേഷികരണം നടത്തുന്ന ഒരു മനുഷ്യൻ.. ഇദ്ദേഹം ദൈവ പുത്രൻ ആണ് എന്നും ചിലർ പറഞ്ഞ് കേട്ടിരുന്നു..ഒപ്പം കുറേ ശിഷ്യ വൃന്ദങ്ങളെയും പലപ്പോഴും കണ്ടിട്ടുണ്ട്.. പക്ഷേ ഇപ്പോ അദ്ദേഹം ഒറ്റയ്ക്കാണ്... ഒപ്പം വളരെ ക്ഷീണിതനും.. മുഖത്തുകൂടി ഒഴുകുന്നത് വിയർപ്പാണോ രക്തമാണോ എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ..

പെട്ടന്ന് തന്നെ ആരൊക്കെയോ ചേർന്ന് നിർബന്ധപൂർവം ആ കുരിശ് കഥാനായകന്റെ  മുതുകിന്മേൽ കയറ്റി.. ഒന്ന് പ്രതികരിക്കുവാനോ എതിർക്കുവാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല... അല്ലെങ്കിൽ തന്നെ ജീവിക്കുവാൻ വേണ്ടി ഈ നാട്ടിൽ കഴിയുന്ന തനിക്ക് എന്ത് സ്വാതന്ത്ര്യം.. ഒരു തേങ്ങലോടെ ഉള്ള് പിടയുന്ന വേദനയോടെ അവൻ ആ കുരിശ് ചുമന്നു.. ആരോഗ്യ ഗാത്രനായ തനിക്ക് പോലും ആ മരകുരിശ് ഒറ്റയ്ക്ക് ചുമക്കാൻ നല്ല പ്രയാസം.. അതിനാൽ  ഈ മനുഷ്യൻ അത് ഇത്രയും ദൂരം എങ്ങനെ ചുമന്നു എന്ന ആശങ്കയേക്കാൾ ഉപരി അവനെ വേദനിപ്പിച്ചത് പാപം ചെയ്യാത്ത ഈ മനുഷ്യനെ ദ്രോഹിക്കുന്നതിൽ താനും പങ്കാളി ആകുന്നു എന്നുള്ളതായിരുന്നു.. തീർച്ചയായും ഇത് തനിക്കും തന്റെ മക്കൾക്കും വലിയ ഒരു ശാപം ആയി തീരും എന്നുറപ്പ്... വളരെ ബുദ്ധിമുട്ടി മരകുരിശ് മലമുകളിൽ എത്തിച്ച ശേഷം ആ നീതിമാനായ മനുഷ്യന്റെ മുഖത്ത് പോലും ഒന്ന് നോക്കാൻ ഉള്ള ധൈര്യം ഇല്ലാതെ അവിടെ നിന്നും ഉള്ള് പിടയുന്ന വേദനയോടെ വീട്ടിലേക്ക് ഓടി... തന്റെ തലമുറയോട് പോലും ഒരു വലിയ ദോഷം ചെയ്തു എന്ന കുറ്റബോധത്തോടെ വീട്ടിൽ ചെന്നു കയറി..ആ ബാലകന്മാരെ വെറും കൈയോടെ വന്ന അപ്പനെക്കാളും അവരെ വിഷമിപ്പിച്ചത് അവശനും ദുഃഖിതനും ആയ തീർന്ന അപ്പനെ ആയിരുന്നു.. വളരെ ദുഃഖത്തോടെ ഭാര്യയോടും മക്കളോടും അദ്ദേഹം നടന്ന സംഭവങ്ങൾ പറഞ്ഞ് പൊട്ടിക്കരഞ്ഞു..ആ നാട്ടിലെ അഭയാർത്ഥികളും ആഫ്രിക്കരും ആയ ബാലന്മാർക്ക് തങ്ങളുടെ ഭാവിയെ കുറിച്ച് വലിയ പ്രതീക്ഷകളോ ആകുലതകളോ ഉണ്ടായിരുന്നില്ല.. അവർ തങ്ങളാൽ ആകും വിധം ആ പിതാവിനെ സമാധാനിപ്പിച്ചു...

വർഷങ്ങൾ വളരെ കഴിഞ്ഞു ആ പിതാവിന്റെ ആകുലതകൾ ഒക്കെ അസ്ഥാനത്ത് ആയി.. ആ തലമുറയും ആ കുടുംബവും ഇന്ന് വളരെ അനുഗ്രഹിക്കപ്പെട്ടവരാണ്... ആ പിതാവിന്റെ പേര് കുറേനക്കാരൻ ആയ ശിമോൻ എന്നും ആ മക്കളുടെ പേര് അലെക്‌സന്തർ എന്നും രൂഫൊസ് എന്നും ആയിരുന്നു..പിതാവ് പിന്നെത്തേതിൽ      
അന്ത്യൊക്ക്യയിലെ സഭയിലെ ഉപദേഷ്ടാക്കന്മാരിൽ പ്രമുഖൻ ആയി മാറ്റപ്പെട്ടു. ക്രൈസ്തവ ചരിത്രത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത, സുവിശേഷികരണത്തിന്റെ മകുടോദാഹരണമായ  അപ്പോസ്തലനായ പൗലോസിനെ കൈവെച്ച് പ്രാർത്ഥിച്ച് പറഞ്ഞയക്കാൻ ഭാഗ്യം ലഭിച്ച അഞ്ചുപേരിൽ ഒരാൾ..
     വിശുദ്ധ മത്തായി എഴുതിയ സുവിശേഷം പഠിച്ചാലും വൈദ്യൻ ആയ ലൂക്കോസ് എഴുതിയ സുവിശേഷം പഠിച്ചാലും കുറേനക്കാരൻ അല്ലെങ്കിൽ നീഗർ എന്ന ശിമോൻ ആ കുരിശ് ചുമക്കുന്നത് നിർബന്ധം മൂലമാണ്. ഒരുപക്ഷേ പാപം ചെയ്യാത്ത ഒരു മനുഷ്യനെ ദ്രോഹിക്കുന്നതിൽ പങ്കാളി ആയാൽ അതിന്റെ ശാപം തനിക്കും തന്റെ തലമുറയ്ക്കും  ലഭിക്കും എന്ന ഭയം കൊണ്ടാകാം ശിമോൻ അങ്ങനെ ചെയ്യാൻ ആദ്യം വിസമ്മതിക്കുന്നത്...എന്നാൽ മാനവരാശിയുടെ മുഴുവൻ പാപപരിഹാരത്തിനായി കാൽവരി കുന്നിൽ നടന്ന ആ യാഗത്തിൽ പങ്കാളി ആയതോടെ അവന് ലഭിച്ചത് ശാപം ആയിരുന്നില്ല... മറിച്ച്  അനുഗ്രഹത്തിന്റെ ഒരു മഹാപ്രളയം ആയിരുന്നു... അതാണ് ദൈവനീതി...

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...