ഇരട്ട വരയൻ

#പൊറിഞ്ചുവിന്റെ കഥകൾ

ഇരട്ട വരയൻ

അന്നും പതിവ് പോലെ ആദ്യ പിരീഡ് മലയാളം തന്നെയായിരുന്നു..അറ്റന്റൻസ് എടുത്തു കഴിഞ്ഞ ഉടനെ തന്നെ അദ്ധ്യാപിക പകർത്ത് എഴുതാത്തവർ എഴുന്നേൽക്കാൻ പറഞ്ഞു. നാലഞ്ചു പേർ അവിടെ അവിടെയായി എഴുന്നേറ്റു. എന്നും മുടങ്ങാതെ പകർത്ത് എഴുതാറുള്ള പൊറിഞ്ചു അന്നും എഴുതിയിരുന്നു എങ്കിലും  പാവം ഇരട്ടവരയൻ എടുക്കാൻ മറന്നിരുന്നു. എന്നാൽ അടി പേടിച്ചു എഴുന്നേൽക്കാനും നിന്നില്ല. എന്നും ചെയ്യുന്നപോലെ എഴുതാത്തവരെ അടിക്കും എഴുതിയവരുടെ പകർത്ത് നോക്കി അവിടെ വെയ്ക്കും എന്ന് കരുതി പൊറിഞ്ചു അങ്ങനെ ഇരുന്നു. അല്ലെങ്കിലും മുൻപ് അൻവറും രമ്യയും ഒക്കെ അങ്ങനെ ചെയ്തിട്ടും ഉണ്ടല്ലോ.

പക്ഷേ വർഷങ്ങളുടെ അദ്ധ്യാപന പരിചയം ഉള്ള ആ അദ്ധ്യാപിക ചിലത് മനസ്സിലാക്കി. മുൻ ബഞ്ചിൽ ആദ്യം ഇരുന്ന പെൺകുട്ടിയെ വിളിച്ചു ടേബിളിൽ ഇരുന്ന മുഴുവൻ ഇരട്ടവരയനും എണ്ണിച്ചു. ഇരുപത്തി ഒൻപത് അവൾ മൊഴിഞ്ഞു. ഉടനെ റ്റീച്ചർ കണക്ക് കൂട്ടൽ ആരംഭിച്ചു. ആകെ വന്നവർ മുപ്പത്തിയഞ്ച്, അടികൊണ്ടവർ 5. ആകെ മുപ്പത്തിനാല്. റ്റീച്ചറിലെ ഡിക്ടക്ടീവ് ഉണർന്നു. തലങ്ങും വിലങ്ങും ക്ലാസ്സിൽ കൂടി നടന്ന് പലരെയും ചോദ്യം ചെയ്തു. പാവം പൊറിഞ്ചുവിനെ ചോദ്യം ചെയ്തില്ല എങ്കിലും പേടിച്ചു വിരണ്ടു പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി അവൻ അങ്ങനെ ഇരുന്നു.

നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിജയശ്രീലാളിതയായി തന്റെ ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിച്ച റ്റീച്ചർ ഓരോരുത്തർക്കായി പേര് വിളിച്ചു അവരവരുടെ പകർത്ത് കൊടുത്തു. ഓരോ കണ്ണുകളും അടിയുടെ പൊടിപൂരം ആർക്കാണ് കിട്ടുന്നത് എന്നറിയാൻ ആകാംഷയോടെ കാത്തിരുന്നു. സൂചിവീണാൽ കേൾക്കാൻ കഴിയുന്ന ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്  ഒപ്പം അദ്ധ്യാപിക പറഞ്ഞു ;

'അതെ ഞാൻ ഉദ്ദേശിച്ച ആളുതന്നെ.'

ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ റ്റീച്ചർ നേരെ പൊറിഞ്ചുവിന്റെ മുൻപിൽ നിലയുറപ്പിച്ചു ആരാഞ്ഞു.

'എവിടെ നിന്റെ ഇരട്ട വരയൻ? '

'അത് റ്റീച്ചർ പേര് എഴുതാത്ത ഒരെണ്ണം... അതായിരുന്നു എന്റേത്... ഞാൻ വെച്ചിരുന്നു.'
വിക്കി വിക്കി പൊറിഞ്ചു പറഞ്ഞൊപ്പിച്ചു.

'വെച്ചിട്ട് അത് എന്തെ ആവിയായി പോയോ? '

പാവം പൊറിഞ്ചു തന്നിലേക്ക് നീളുന്ന ആ എഴുപത് കണ്ണുകൾക്ക് മുൻപിൽ നിർവികാരനായി ചുള്ളി നിന്നു. ഒരു മറുപടിയും ഇല്ലാതെ. അല്ലെങ്കിൽ തന്നെ മറുപടികൾക്ക് എന്ത് പ്രസക്തി. ഒരു ആവശ്യവും ഇല്ലാതെ അടി പേടിച്ച്  പറഞ്ഞ കളവ് തന്നെ തലകുനിക്കുവാൻ ഇടയാക്കിയതോർത്ത് ആ നിൽപ്പ് തുടരുമ്പോഴും പൊറിഞ്ചു തന്റെ സഹപാഠികളിൽ കണ്ടത് കളിയാക്കലോ പുച്ഛമോ ആയിരുന്നില്ല മറിച്ചു അദ്ധ്യാപികയുടെ  കൈയിൽ നിന്നും തനിക്ക് കിട്ടാവുന്ന അടിയെകുറിച്ചു ഓർത്തുള്ള ഭയം മാത്രമായിരുന്നു. എന്നാൽ പൊറിഞ്ചുവിനെ അടക്കം മുഴുവൻ കുട്ടികളെയും ഞെട്ടിച്ചു മണിമുഴക്കത്തിനൊപ്പം അദ്ധ്യാപിക തന്റെ വടിയും ചോക്കും പുസ്തകവുമായി ക്ലാസ്മുറി വിട്ടിരുന്നു. ഒരുപക്ഷേ അവൻ ആദ്യമായി ചെയ്ത തെറ്റ് ക്ഷമിക്കാൻ കഴിയുന്നത് ആയിരുന്നിരിക്കണം. അല്ലായെങ്കിൽ ആ നാല്പത് മിനിറ്റ് പൊറിഞ്ചുവിന് നൽകിയ മാനസിക സമ്മർദവും കുറ്റ ബോധവും തന്നെയാവണം അവന്റെ ശിക്ഷ..

അതിനു ശേഷം തന്റെ അദ്ധ്യാപികയെയും പ്രിയ  സഹപാഠികളെയും എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്ത പൊറിഞ്ചുവിനെ വല്ലാതെ അലട്ടി. എന്നാൽ അന്നോ അതിന്റെ ശേഷമോ ഒരിക്കൽ പോലും ആരും ആ വിഷയത്തെ കുറിച്ച് സംസാരിച്ചു കേട്ടിട്ടില്ല. ഒരു പക്ഷേ അവരിൽ പലരും ചെയ്തിട്ടുള്ള തെറ്റ് തന്നെ ആയതുകൊണ്ടും ആകാം.

എന്നാൽ പൊറിഞ്ചുവിന് അത് ഒരു പാഠം ആയിരുന്നു. കള്ളത്തരങ്ങൾ ചെയ്യരുത് എന്നുള്ളത് മാത്രമല്ല ; അഥവാ ചെയ്താൽ അത് നെഞ്ചുറപ്പോടെ സമ്മതിക്കാനും ഉള്ള വലിയ പാഠം.

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...