മുഷിഞ്ഞാലും രൂപയല്ലേ...

അധ്യാപകൻ ക്ലാസ്സിലെത്തിയത്‌ അഞ്ഞൂറ് രൂപയുടെ നോട്ട്‌ ഉയർത്തിപ്പിടിച്ചായിരുന്നു. നോട്ട്‌ ആർക്കുവേണമെന്ന് ചോദിച്ചപ്പോ,കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു; 'എനിക്ക്‌ വേണം,എനിക്ക്‌ വേണം'

അധ്യാപകൻ നോട്ട്‌ കയ്യിലിട്ട്‌ ചുരുട്ടി. ആകെ ചുളിഞ്ഞുപോയ നോട്ട്‌ ഉയർത്തിപ്പിടിച്ച്‌ പിന്നെയും ചോദിച്ചു; 'ഇനിയാർക്ക്‌ വേണം ഈ നോട്ട്‌?'
അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; 'എനിക്ക്‌..എനിക്ക്‌'

നോട്ട്‌ താഴെയിട്ട്‌ പൊടിയിൽ പുരട്ടി,നിലത്തിട്ട്‌ ചവിട്ടി. ആകെ മുഷിഞ്ഞിട്ടും ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന്‌ ഒരു കുറവുമില്ല..അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു; 'മുഷിഞ്ഞാലും ആ രൂപയ്‌ക്ക്‌ മൂല്യം കുറയുന്നില്ലല്ലോ..'

അധ്യാപകൻ‌ ജീവിതപാഠം പകർന്നു; 'ഈ രൂപയോട്‌  പുലർത്തുന്ന സ്നേഹം നിങ്ങളുടെ ജീവിതത്തോടും പുലർത്തണം. ചിലപ്പോൾ മണ്ണ്‌ പുരണ്ടേക്കാം,അഴുക്കായേക്കാം,വേദനിച്ചേക്കാം,വലിച്ചെറിയപ്പെട്ടേക്കാം. അപ്പോളും നിങ്ങളോർക്കണം,ജീവിതത്തിന്‌ വലിയ മൂല്യമുണ്ടെന്ന്... ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം. വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക്‌ വേണം..'

അതെ,സ്വന്തത്തെ ആദരിക്കാത്തവർക്ക്‌ മറ്റുള്ളവരെ ആദരിക്കാൻ അക്ഴിയുന്നതെങ്ങനെ?? ആത്മാദരവാണ്‌ ലോകത്തെ മുഴുവനും ആദരിക്കുന്നതിന്റെ ആദ്യചുവട്‌. നല്ല രൂപം,വസ്ത്രം,സുഗന്ധം ഇതൊക്കെ പ്രധാനം തന്നെ. പക്ഷേ അതൊക്കെ പുറത്തെ കാര്യങ്ങളാണ്‌. അകത്തുള്ള ആളാണ്‌ കുറച്ചൂടെ ആഴത്തിൽ ആദരവ്‌ അർഹിക്കുന്നത്‌. മനുഷ്യരിൽ നമ്മെ ഏറ്റവും അറിയുന്നയാൾ കണ്ണാടിയിൽ നമ്മൾ കാണുന്ന ആ മനുഷ്യനാണ്‌. അയാളുടെ മുന്നിലൊരു കുറ്റവാളിയാകാതെ ചെന്നുനിൽക്കാൻ കഴിയണം..ആ മനുഷ്യന്റെ മുന്നിലും അഭിനയിക്കാൻ ശ്രമിക്കരുത്.. അത് നമ്മുടെ ജീവിതത്തെ നിശ്ചയമായും വലിയ പരാജയത്തിൽ കൊണ്ട് എത്തിക്കും.. 

മറ്റുള്ളവരെ തോൽപ്പിക്കാൻ വേണ്ടി ആണെങ്കിൽ പോലും ഒരിക്കലും സ്വയം തോൽക്കാൻ നിൽക്കരുത്.. അങ്ങനെ ചെയ്താൽ വലിയ താമസം കൂടാതെ നാം നമ്മളെ തന്നെ വെറുത്തു തുടങ്ങും.. വേറെ ആർക്ക് മുമ്പിലും വേണ്ടാ സ്വന്തം മനസാക്ഷിക്ക് മുമ്പിൽ എങ്കിലും നീതി പുലർത്താൻ ശ്രമിക്കാം...

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...