വിരമിക്കാം ചെറുപ്പത്തില്‍..

#FIRE_Revolution #വിരമിക്കാം_ചെറുപ്പത്തില്‍

ഇന്ത്യയിൽ പ്രത്യേകിച്ച് മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒന്നാണ് Fire Revolution. Financial Independence, Retire Early എന്നതിന്റെ ചുരുക്കെഴുത്താണ് FIRE. അതായത് പണം സമ്പാദിച്ച് എത്രയും വേഗം സാമ്പത്തിക സ്വാതന്ത്ര്യം നേടുക. എന്നിട്ട് 30കളിലും 40കളിലും ജോലിയില്‍ നിന്ന് വിരമിക്കുക. ശേഷം ജോലിയുടെ കെട്ടുപാടുകളില്ലാതെ യാത്രയോ, സംഗീതമോ, രാഷ്ട്രീയമോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചെയ്യുക. ഈ ആശയ കൂട്ടായ്മയുടെ പേരാണ് ഫയല്‍ വിപ്ലവം.

'Your Money or Your Life ' എന്ന പേരില്‍ വിക്കി റോബിനും ജോ ഡോമിഗെസ്സും ചേര്‍ന്ന് 1992ല്‍ പുറത്തിറക്കിയ പുസ്തകമാണ് ഈ ആശയത്തിന് ആദ്യ വിത്തിട്ടത്. ജേക്കബ് ലണ്ട് ഫിസ്‌കര്‍ 2010ല്‍ ഇറക്കിയ 'Early Retirement Extreme' എന്ന പുസ്തകം ഈ ആശയത്തെ പിന്തുണച്ചു. ലളിത ജീവിതത്തിലൂടെയും നിക്ഷേപത്തിലൂടെയും വളരെ ചെറുപ്പത്തില്‍ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികളാണ് ഈ പുസ്തകങ്ങള്‍ മുന്നോട്ട് വച്ചത്. 31-ാം വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിച്ച് ലോകം ചുറ്റാനിറങ്ങിയ ഭാര്യാ ഭര്‍ത്താക്കന്മാരായ ബ്രൈസ് ലുങ്ങും ക്രിസ്റ്റി ഷെന്നുമാണ് ഈ ആശയത്തിന് പ്രചാരം നല്‍കി ഫയര്‍ റവല്യൂഷന്‍ എന്ന മുന്നേറ്റമാക്കി ഇതിനെ മാറ്റിയത്. https://www.millennial-revolution.com/ എന്ന വെബ്‌സൈറ്റിലൂടെ തങ്ങളുടെ മില്ലേനിയല്‍ റവല്യൂഷന്‍ ആശയങ്ങള്‍ ബ്രൈസും ക്രിസ്റ്റിയും യുവാക്കളുമായി പങ്കു വയ്ക്കുന്നുണ്ട്.

പതിനഞ്ചോ ഇരുപതോ വര്‍ഷം ലളിതമായി ജീവിക്കുകയും അതി തീവ്രമായി നിക്ഷേപിക്കുകയും ചെയ്ത് അതില്‍ നിന്ന് ശിഷ്ടകാലം അടിച്ചു പൊളിക്കാനുള്ള വരുമാനം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഫയര്‍ വിപ്ലവത്തിന്റെ മുദ്രാവാക്യം. എന്നാൽ മലയാളികളായ നമ്മുക്ക് അതിന് കഴിയുമോ എന്നതാണ് പ്രശ്നം. ഒരു മുന്തിയ എസ്‌യുവിയും അപ്ഡേറ്റഡ് ഗാഡ്ജറ്റ്‌സും  മൂവായിരംയിരം ചതുരശ്ര അടിയിൽ കുറയാത്ത വീടും ആഡംബര ജീവിതവും കൊതിക്കുന്ന ഞാനുൾപ്പെടുന്ന മലയാളി യുവത്വത്തിന് FIRE ഇനിയും തീണ്ടാപ്പാട് അകലെയാണ്. ഇരുപത്തിയഞ്ചാം വയസ്സിൽ ബാങ്കിൽ നിന്നും നാല്പത് ലക്ഷം ലോണെടുത്ത് സ്വപ്ന സൗധം ഉണ്ടാക്കുന്നവന്റെ അടുത്ത ഇരുപത് വർഷം കോർപ്പറേറ്റ് ബാങ്കിന്റെ കൈപ്പിടിയിലാണ്. ഒപ്പം ജീവിതച്ചെലവും കുടുംബ പ്രാരാബ്ധങ്ങളും കൂടെ ആകുമ്പോൾ ഒരു ജീവിത ചക്രം ഏകദേശം തീർന്നു എന്ന് തന്നെ പറയാം. ആരോഗ്യമെല്ലാം ക്ഷയിച്ച് പ്രായമായി വിരമിക്കുന്നതിനേക്കാല്‍ നല്ലത് യുവത്വം അശേഷിക്കുമ്പോള്‍ തന്നെ വിരമിക്കുന്നതാണ്. അത് തന്നെയാണ് ഈ വിപ്ലവത്തിന്റെ വക്താക്കള്‍ പറയുന്നതും. ഇതിനായി സ്വന്തമായി ഒരു വീട്, മുന്തിയ കാർ, എന്നിങ്ങനെയുള്ള  ചില സ്വപ്നങ്ങള്‍ ഉപേക്ഷിക്കണമെന്ന് മാത്രം. ഒരു പുരുഷായുസിന്റെ നല്ല ഭാഗവും നമ്മുക്ക് വേണ്ടി ഉഴിഞ്ഞു വെച്ച നമ്മുടെ പിതാക്കാന്മാരെ കണ്ടുവളർന്ന നമ്മുക്ക് ഒരു പക്ഷേ ഈ വിപ്ലവം ചിന്തയ്ക്കും അപ്പുറമായേക്കാം. എന്നാൽ സാമ്പത്തിക മാന്ദ്യം അത്  നമ്മളെയും ബാധിച്ചു തുടങ്ങിയെന്ന തിരിച്ചറിവും കടമകൾ മാത്രമല്ല അവകാശങ്ങളും ജീവിതത്തിൽ ഉണ്ട് എന്നുള്ള ബോധ്യവും നമുക്കുള്ള ഓർപ്പെടുത്തലുകളാകട്ടെ..


Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...