ഡിജിറ്റൽ വിശുദ്ധൻ

ഈ നേരം അങ്ങ് സൗദിയിൽ പുതിയ എസ്യുവി എടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു ബ്ലെസി. നിലവിലുള്ള കൊറോള അവളുടെ സ്റ്റാറ്റസിന് കുറച്ചിലാണത്ര.. സന്തുഷ്ടമായ കുടുംബജീവിതത്തിന് വിട്ടുവീഴ്ചകൾ അനിവാര്യമാണ് എന്ന തിരിച്ചറിവ് നേടിയ വീണ്ടും ജനനം പ്രാപിച്ച ഒരു ശരാശരി പ്രവാസിയായ ഫെലിക്സ് ഉയർന്ന വിദ്യാഭ്യാസവും തരക്കേടില്ലാത്ത ജോലിയും ഉണ്ടായിട്ടും തന്നെക്കാൾ ഏറെ വരുമാനം ഉള്ള ബ്ലെസിയുടെ അടിമയായി കഴിഞ്ഞിരുന്നു ഇതിനോടകം. പ്രവാസ ജീവിതത്തിൽ പുറമേ ഗർജ്ജിക്കുന്ന പലരും വീട്ടുനുള്ളിൽ അനുസരണമുള്ള പൂച്ച കുഞ്ഞുങ്ങൾ ആണ് എന്ന വലിയ സത്യം പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മനസ്സിലാക്കിയത് കൊണ്ടാകണം അതിനോട് പൊരുത്തപ്പെടാൻ ഫെലിക്സിന് വലിയ പ്രയാസം തോന്നിയില്ല..
പാവപ്പെട്ട വീട്ടിൽ നിന്നും കെട്ടിയാൽ അനുസരണയുള്ള ഭാര്യയായി ജീവിക്കും എന്ന സിദ്ധാന്തം പറഞ്ഞ കൂട്ടുക്കാരെ മനസ്സാൽ പലയാവർത്തി തെറി വിളിച്ചുകഴിഞ്ഞു ഇതിനോടകം. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിൽ അനുസരണയുള്ള കുടുംബിനി ആയിരുന്ന ബ്ലെസ്സിയുടെ ഭാവപ്പകർച്ച അമ്പരപ്പിക്കുന്ന വേഗത്തിൽ ആയിരുന്നു. രാജ്യങ്ങൾ പിടിച്ചടക്കുന്ന രാജാക്കന്മാരെ പോലെ തന്റെ മുഴുവൻ സ്വാതന്ത്യത്തിലും അവൾ കൈകടത്തി. എന്തിനെറെ  തന്റെ അപ്പനും അമ്മയ്ക്കും താൻ കൊടുക്കുന്ന ചിലവുകാശിൽ പോലും അവൾ നിയന്ത്രണം ഏർപ്പെടുത്തി. സമൂഹത്തിന് മുൻപിലും സഭയ്ക്കുള്ളിലും ഉത്തമ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു തകർക്കുമ്പോൾ തിരുവചനത്തിനതിഷ്‌ഠിതമായ ഒരു കുടുബജീവിതമാണോ നയിക്കുന്നത് എന്നുള്ള കുറ്റബോധം നല്ല ആത്മീക അന്തരീക്ഷത്തിൽ വളർത്തപ്പെട്ട ഫെലിക്സിനെ എപ്പോഴും അലട്ടിയിരുന്നു. ബ്ലെസിയാകട്ടെ താൻ ചെയ്‌യുന്നത്‌ മാത്രമാണ് ശരി എന്നുള്ള കാഴചപ്പാടിൽ മുന്നോട്ട് കുതിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴത്തെ പ്രശ്‍നം എസ്യുവിയാണ്. നാലുമാസം ഗർഭണിയായ അവൾക്ക് തന്റെ കുഞ്ഞ് ഇങ് എത്തുന്നതിന് മുൻപേ എസ്യുവി ഫ്ളാറ്റിന് കീഴെ എത്തണം എന്നുള്ള വാശിയിലാണ്.
ഫെലിക്സിനെ ഒരുവിധം അനുനയിപ്പിച്ച് കാര്യങ്ങൾ തന്റെ വഴിക്കാക്കിയ ശേഷം ബ്ലെസ്സി പുതിയ വിഷയം ചർച്ചയ്ക്ക് ഇട്ടു. ഗർഭിണിയായ തന്റെ പരിചരണത്തിനുള്ള ഒരു സഹായി. ഒരു ഹോം നഴ്‌സിനെയോ ജോലിക്കാരിയെയോ നോക്കാം എന്നുള്ള ഫെലിക്സിന്റെ നിലപാട് പാടെ തള്ളി അവൾ പറഞ്ഞു  'നാട്ടിൽ അമ്മ വല്ല വീട്ടിലും പണിക്ക് പോകുന്നതിലും നല്ലതല്ലേ ഇവിടെ വന്ന് നമ്മളെ സഹായിക്കുന്നത്. ഒരു ജോലിക്കാരിയെ വെച്ചാൽ എന്തായാലും ഒരു ആയിരത്തി അഞ്ഞുറു റിയാൽ എങ്കിലും കൊടുക്കേണ്ടി വരും. അമ്മയ്ക്ക് ആകുമ്പോൾ  ഇപ്പൊ ചിലവിന് കൊടുക്കുന്ന അയ്യായിരത്തിന്റെ കൂടെ പത്തോ പതിനായിരമോ കൂടി കൊടുത്താൽ അതൊരു സഹായവും ആകും. നാട്ടിലും ചർച്ചിലും നമ്മുക്ക് ഒരു വിലയും ഉണ്ടാകും.'

സ്വന്തം അമ്മയെ പോലും വില്പന ചരക്കാക്കി ലാഭനഷ്ടങ്ങൾ കണക്കുകൂട്ടുന്ന തന്റെ ഭാര്യയോട് തോന്നിയ അമർഷം ഉള്ളിലൊതുക്കി നാട്ടിലേക്ക് വിളിക്കാൻ ഫോണവൾക്കായി നീട്ടിയപ്പോൾ വാട്സ് ആപ്പിൽ സുനീഷിന്റെ ഒരു ഫോർവേഡഡ് വീഡിയോ. എങ്കിൽ പിന്നെ അത് നോക്കിയിട്ടാകാം നാട്ടിലേക്കുള്ള വിളി എന്ന് കരുതി വീഡിയോ ഓപ്പൺ ചെയ്തു. നാട്ടിൽ കണ്ട് പരിചയമുള്ള ഒരു കുട്ടിയുടേതാണ്. ഒരു ആൺകുട്ടിയുമായിയുള്ള ചില മോശം ദൃശ്യങ്ങൾ. ഇതിപ്പോൾ പതിവാണ് ഫോണിൽ വരുന്ന പല വിഡിയോകളും ഓപ്പൺ ചെയുമ്പോൾ മനസ്സ്കൊണ്ട് ആത്മാർഥമായി ആഗ്രഹിക്കാറുണ്ട്, പ്രിയപ്പെട്ടവരും പരിചയക്കാരും ഒന്നും അതിൽ ഉണ്ടാകരുതേ എന്ന് എന്നാൽ ഇന്നിപ്പോൾ അതും സംഭവിച്ചു. ആ കുട്ടിയുടെയും വീട്ടുകാരുടെയും ഇനിയുള്ള ജീവിതത്തെ കുറിച്ചോർത്തപ്പോൾ വല്ലാത്തയൊരാശങ്ക തോന്നി. അതിനൊരു വിരാമം ഇട്ടുകൊണ്ട് ബ്ലെസ്സി പറഞ്ഞു കണ്ടിട്ട് അവളത്ര വെടിപ്പാണെന്ന് ഒന്നും തോന്നുന്നില്ല. കണ്ടവന്റെ ഒക്കെ കൂടെ പോകുമ്പോൾ  ഓർക്കണമായിരുന്നു ഇങ്ങനെയൊക്കെ സംഭവിക്കും എന്നും പറഞ്ഞു വീട്ടിലിലേക്ക് ഡയൽ ചെയ്ത് അവൾ ഫോൺ സ്‌പീക്കറിൽ ഇട്ടു.
മുഖവുരക്കൊടുവിൽ അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു. അമ്മയിൽ നിന്നും ഒരു പോസിറ്റീവ് മറുപടി പ്രതീഷിച്ച അവൾക്ക് കിട്ടിയ മോശം മറുപടിയും അമ്മയുടെ പ്രതികരണവും അവളെ നിരാശയാക്കി. അല്പം ജാള്യതയോടെ അവൾ ഫെലിക്സിന്റെ മൊബൈൽ തിരികെ നൽകി അവന്റെ  അടുത്ത് നിന്നും ബെഡ്റൂമിലേക്ക് നടന്നു മറഞ്ഞു. അമ്മയുടെ മൂർച്ചയേറിയ വാക്കുകളും പ്രതികരണവും ഒപ്പം വിഡിയോയിൽ കണ്ട പെൺകുട്ടിയും ഒക്കെ അവളെ അലട്ടികൊണ്ടേയിരുന്നു. കോളേജിൽ പഠിച്ചിരുന്ന കാലത്ത് ആ പെൺകുട്ടി ചെയ്തത് പലതും പലപ്പോഴും അതിലധികവും താനും ചെയ്തിട്ടുണ്ടല്ലോ എന്ന തിരിച്ചറിവ് അവളിൽ കുറ്റബോധം ഉളവാക്കി. അതിൽ ആരെങ്കിലും ഒരാൾ ഒരു വിഡിയോ എടുത്തിരുന്നു എങ്കിൽ തന്റെ സ്ഥിതി എന്താകുമായിരുന്നു.

(തുടരും..)

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...