ഫേക്കുകൾ ഉണ്ടാകുന്നതല്ല..ഞാൻ ഉൾപ്പെടുന്ന സമൂഹം ചിലരെ  നിർബന്ധിതരാക്കുകയാണ് അത് ഉണ്ടാക്കുവാൻ..

ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച തനിക്ക് ചുറ്റും പ്രിയപ്പെട്ടവരും നാട്ടുകാരും കൂടിചേർന്ന് തന്റെ  പ്രവർത്തികൾക്കും ആഗ്രഹങ്ങൾക്കും എല്ലാ ഒരു അതിർ വരമ്പ് തീർത്തിരുന്നു..  എല്ലാ ഉണ്ടെങ്കിലും ഒന്നും ഇല്ലാത്ത അവസ്ഥ.. ഒരു പെൺകുട്ടി ആയതിന്റെ പേരിൽ തന്റെ ആഗ്രഹങ്ങൾ പലപ്പോഴും മുളയിലെ നുള്ളിക്കളയപ്പെട്ടു... നഷ്ട സ്വപ്നങ്ങളുടെ ഒരു വലിയ കൂമ്പാരം തനിക്ക് ചുറ്റും കിടന്ന് അലമുറയിടുന്നത് അവളെ വല്ലാതെ വേദനിപ്പിച്ചു...

അതുകൊണ്ട് തന്നെയാണ് പിതാവ് പിറന്നാൾ സമ്മാനമായി നൽകിയ പുതിയ ഐഫോൺ അവളുടെ ജീവിതത്തിൽ ഒരു നവജീവൻ പകർന്നത്... നവ സാമൂഹിക മാധ്യമങ്ങളിലൂടെ അവൾ ലോകത്തെ തന്റെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചു... ഒരുപരിധി വരെ അവൾ അതിൽ വിജയിക്കുകയും സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്നു... വളരെ പെട്ടന്ന് തന്നെ അവൾ ആ സത്യം മനസിലാക്കി ഇവിടെയും തന്റെ സ്വാതന്ത്യത്തിന് പരിമിതികൾ  ഉണ്ട്... തന്റെ മേൽ കണ്ണും നട്ട് മുൻപ് തന്റെ ചുറ്റും ഉണ്ടായിരുന്നവർ ഇവിടെയും തന്റെ ചുറ്റിലും ഉണ്ട്.. തന്റെ ആശയങ്ങളെക്കാളും ഇവിടെ എല്ലാവർക്കും പ്രധാനം താൻ ആരാണ് എന്നുള്ളത് തന്നെയായിരുന്നു... മുൻപ് ഉണ്ടായിരുന്ന സ്വകാര്യത പോലും നവ മാധ്യമത്തിൽ തനിക്ക് കിട്ടാഞ്ഞതിൽ അവൾ വളരെ ദുഖിച്ചു...
മുഖ പുസ്തകത്തിലൂടെ തന്റെ ആശയങ്ങൾക്ക് ജീവൻ നൽകാൻ തനിക്കും ഒരു പുതിയ മുഖം വേണം എന്ന് അവൾ തീരുമാനിച്ചു.. അങ്ങനെ അവൾ അനഘയായി... തന്റെ പട്ടണങ്ങൾക്കും മൈലുകൾക്ക്  അപ്പുറം ഉള്ള പാലക്കാട്ടുകാരി അനഘ.. അവിടെ നിന്നും വളരെ അകലെയുള്ള കോട്ടയം ജില്ലയിലെ  ഒരു പ്രമുഖ  കോളേജിലെ ഒന്നാം വർഷ ബിരുദനന്തര ബിരുദ വിദ്യാർത്ഥി.. പൂവാല ശല്യം കുറയ്ക്കാനായി റിലേഷൻഷിപ്പ് സ്റ്റാറ്റസിൽ ഒരു 'എൻഗേജ്ഡ്' സ്റ്റിക്കറും ഒട്ടിച്ചു..

പൂക്കളും പൂച്ചകുട്ടികളും അവളുടെ പ്രൊഫൈലിൽ മാറിമാറി വന്നുകൊണ്ടിരുന്നു.. ഇല്ലാത്ത ഒരു പെൺകുട്ടിയെ ആര് കൂട്ടുക്കാരി ആക്കും എന്ന ആശങ്ക അവളെ വല്ലാതെ അലട്ടി.. എന്തായാലും അത്യാവശ്യം മുഖപുസ്തകത്തിൽ ആക്റ്റീവ് ആയ ചില പെൺകുട്ടികൾക്ക് അവൾ റിക്സ്റ്റും അയച്ചു.. ഒപ്പം അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ആശയങ്ങളെ അവൾ തന്റെ ഭിത്തിയിൽ കോറിയിടുവാൻ ആരംഭിച്ചു... അവളെ തന്നെ ഞെട്ടിച്ച് കൊണ്ട് ദിവസവും അവളുടെ നോട്ടിഫിക്കേഷനിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് കളും മെസ്സേജുകളും ഒഴുകികൊണ്ടേയിരുന്നു...അക്കൗണ്ട്‌ തുടങ്ങി ആഴ്ചകൾക്ക് ഉള്ളിൽ തന്നെ കൂട്ടുകാരുടെ എണ്ണം ആയിരത്തിൽ കവിഞ്ഞു..സ്ക്രീൻ നെയിം പെൺകുട്ടിയുടേത് ആയത് കൊണ്ടും മിക്ക സമയങ്ങളിലും ഓൺലൈനിൽ ഉണ്ടായിരുന്നത് കൊണ്ടും അത് പിന്നെയും വർധിച്ചു കൊണ്ടേയിരുന്നു..ആരോഗ്യകരമായ സുഹൃത്ത് ബന്ധം ആഗ്രഹിക്കുന്നവർ തുടങ്ങി നല്ല വിളഞ്ഞ കോഴികൾ വരെ ലിസ്റ്റിൽ ഉണ്ടായിരുന്നു.. വളരെ ശ്രദ്ധാപൂർവ്വം അവൾ പരമാവധി അവളുടെ പരിചയക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പ്രശ്നക്കാരിൽ അകന്ന് നിന്നു.. എങ്കിലും ഒരു വൈകുന്നേരം തന്റെ നാട്ടിലെ കോളേജ് അധ്യാപകനും സോഷ്യൽ വർക്കറും സർവോപരി നാട്ടുകാരുടെ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ച തന്റെ അയൽക്കാരനിൽ നിന്നും തന്റെ ഫേക്ക് ഐഡിയെ  പരിചയം ഇല്ലാഞ്ഞിട്ട് കൂടി വന്ന ഇക്കിളിപെടുത്തുന്ന മെസ്സേജുകൾ അവൾക്ക് വെളിവാക്കി കൊടുത്തു, പലരുടെയും വികൃതമായ മുഖവും ഒപ്പം സ്ത്രീ എവിടെയും സുരക്ഷിത അല്ല എന്നും ഉള്ള ആ വലിയ സത്യം..ആശയങ്ങളിലും പോസ്റ്റുകളിലും പലപ്പോഴും തന്റെ ജീവിതം തന്നെയായിരുന്നു അവൾ കോറി ഇട്ടിരുന്നത്..അതിൽ അനിയനുമായി ഉള്ള അടിപിടിയും വീട്ടിൽ ഉണ്ടാക്കുന്ന വിഭവങ്ങളും ഒക്കെ ഇതിവൃത്തം ആകാറുമുണ്ടായിരുന്നു..അതുകൊണ്ടു തന്നെ അത് തന്നെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ആരെങ്കിലും മനസ്സിലാക്കുവാൻ കാരണം ആകുമോ എന്നും  അവൾ ഭയന്നിരുന്നു..

അവിചാരിതമായി ആരോ ഷെയർ ചെയ്ത ഒരു പോസ്റ്റ്‌ ആണ് എന്നെ ആ പ്രൊഫൈൽ നോക്കാൻ പ്രേരിപ്പിച്ചത്.. കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ തന്റെ അഭിപ്രായങ്ങൾ അവൾ കോറിയിടാറുണ്ടായിരുന്നു.. ആരെയും ആകർഷിക്കുന്ന ഒരു കാന്തിക ശക്തി ആ എഴുത്തിന് ഉണ്ടായിരുന്നു.. അതിനാൽ തന്നെ ദിവസവും ഞാൻ ആ അക്കൗണ്ടിനെ പിന്തുടർന്നുകൊണ്ടേയിരുന്നു... നാലായിരത്തിലധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നു എങ്കിലും തന്റെ പോസ്റ്റുകളിൽ വരുന്ന കമെന്റുകളെയും അവൾ കൃത്യമായി പിന്തുടരാറുണ്ടായിരുന്നു...

വളരെ തനിമയത്വത്തോടെ ജീവിത്തിലെ പ്രശ്നങ്ങളെ അവൾ അവതരിപ്പിച്ചു കൊണ്ടിരുന്നു.. പെട്ടന്ന് ഒരു ദിവസം ഒരു പോസ്റ്റ്‌ 'എന്റെ വിവാഹം തീരുമാനിച്ചു.എന്നെ കുറിച്ച് ഒന്നും അറിയാഞ്ഞിട്ടും എനിക്ക് നിങ്ങൾ തന്ന സ്നേഹത്തിനും സപ്പോർട്ടിനും വളരെ നന്ദി..ഗുഡ് ബൈ.'

സംഭവം നടന്നിട്ട് രണ്ടു വർഷത്തിൽ അധികമായി.. കഴിഞ്ഞ ദിവസം യാദൃച്ഛികമായി കണ്ട ഒരു പോസ്റ്റ്‌ അവളുടെ പോസ്റ്റിന്റെ അവർത്തനമായി തോന്നി... അതുകൊണ്ട് മാത്രം കുറിച്ചത്...

ഫേക്കുകൾ ഉണ്ടാകുന്നതല്ല..ഞാൻ ഉൾപ്പെടുന്ന സമൂഹം ചിലരെ  നിർബന്ധിതരാക്കുകയാണ് അത് ഉണ്ടാക്കുവാൻ..എങ്കിലും അവിടെയും മിക്കവരും സുരക്ഷിതരല്ല..

Comments

Popular posts from this blog

തിരുവചനപ്രകാരം ഇത് ആകാമോ ?

മായാവി - ഒരു താത്വിക അവലോകനം !!

ഇനിയും ഉണങ്ങാത്ത ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവ്; ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 22 വര്‍ഷം...